ബിരിയാണി കുട്ടികള്‍ക്ക് വയറുനിറച്ചു സൗജന്യമായി നല്‍കാന്‍ വിവിധ
സംഘടനകളും വ്യക്തികളും തയ്യാറായി നില്‍ക്കുമ്പോള്‍ വെജിറ്റേറിയന്‍ മാത്രമെ
വിളമ്പുകയുള്ളുവെന്നു പറയുന്നത് സവര്‍ണ ഫാസിസം അല്ലേ.?
പിണറായി സര്‍ക്കാര്‍ ഈ
സവര്‍ണ ഫാസിസത്തിനു അനുമതി നല്‍കുന്നത് തെറ്റ്. ഒപ്പനയും മാര്‍ഗംകളിയും
കളിക്കുന്ന കുട്ടികള്‍ക്ക് പോത്തിന്റെയോ കോഴി ഇറച്ചികൊണ്ടുള്ള ബിരിയാണി വെച്ചു
നല്‍കുന്നതില്‍ എന്താണ് തെറ്റ്. ?
കേരള സ്‌കൂള്‍ കലോത്സവത്തിന് മാംസാഹാരം
വിളമ്പാന്‍ സംഘാടകര്‍ വിസമ്മതിച്ചിരിക്കുകയാണല്ലോ. അതിന് അവര്‍ക്ക് പല
തരത്തിലുള്ള ന്യായീകരണങ്ങള്‍ ഉണ്ട്. അതില്‍ സാമ്പത്തിക പ്രശ്‌നങ്ങളും
പ്രായോഗികതയും എല്ലാം ഉള്‍ക്കൊള്ളുന്നു. അതിന്റെയൊന്നും വിശദീകരണത്തിലേക്ക്
കൂടുതല്‍ കടക്കുന്നില്ല.
എന്തായാലും കുട്ടികള്‍ക്ക് ബിരിയാണി വച്ച്
കൊടുക്കാന്‍ വിഭവ സമൃദ്ധമായ സദ്യ ഒരുക്കുന്നതിനേക്കാള്‍ കുറച്ച് ചെലവും സമയവും
അദ്ധ്വാനവും മാത്രം മതി. പിന്നെ മാംസം കൊണ്ട് അധികം ഉണ്ടാവുമെന്ന് പറയപ്പെടുന്ന
മാലിന്യ പ്രശ്‌നം എന്താണെന്ന് മനസിലായില്ല. ചന്തക്ക് പോയി പോത്തിനെ കൊണ്ട്
വന്ന് ഭക്ഷണ ശാലയുടെ അടുക്കളയുടെ മൂലയില്‍ ഇട്ട് വെട്ടേണ്ട കാര്യമോന്നും
ഇല്ലല്ലോ. മാലിന്യം ഒക്കെ കളഞ്ഞ ശേഷമുള്ള മാംസം മാത്രം വാങ്ങി കൊണ്ട് വന്നാല്‍
മതിയാകുമല്ലോ.
മാംസാഹാരം കഴിച്ചാല്‍ കുട്ടികള്‍ക്ക് ആലസ്യം ഉണ്ടാകും എന്നും
കൂടെ പറഞ്ഞ സ്ഥിതിക്ക് പ്രശ്‌നം അതൊന്നും അല്ലെന്ന് വ്യക്തമായി. 'ഞങ്ങള്‍
നമ്പൂരിമാര്‍ കഴിക്കാത്ത ഭക്ഷണം കഴിച്ചാല്‍ ആലസ്യമുണ്ടാകും, അണുബാധയുണ്ടാകും, ദഹന
പ്രശ്‌നങ്ങള്‍ ഉണ്ടാകും, വട്ടച്ചൊറി ഉണ്ടാകും, കാന്‍സര്‍ ഉണ്ടാകും, ഹാര്‍ട്ട്
അറ്റാക്ക് ഉണ്ടാകും, പ്രഷര്‍ ഉണ്ടാകും, മൃഗ വാസന ഉണ്ടാകും, അങ്ങനെ അങ്ങനെ അങ്ങനെ�
'അതു പിന്നെ അങ്ങനെ ഒക്കെ ആണല്ലോ� ഒന്നും കാണാതെ നമ്പൂരി വെള്ളത്തില്‍ ചാടില്ലല്ലോ�
പഴയിടം മോഹനന്‍ നമ്പൂരിയുടെ നേതൃത്വത്തില്‍ തന്നെയാണ് ഇത്തവണയും ഭക്ഷണപ്പുര
സജീവമായിരിക്കുന്നത് എന്നും അറിയാന്‍ കഴിഞ്ഞു. മനസിലായില്ലേ�? മാംസാഹാരം ഞങ്ങള്‍
വെക്കില്ല, കൂടുതല്‍ ചോദ്യവും ഉത്തരവും ഒന്നും വേണ്ട� അത്ര തന്നെ. കിട്ടുന്നതും
നക്കിത്തിന്ന് എണീറ്റ് പോവാന്‍ നോക്ക്.
എന്തൂട്ടാ ഈ
ആലസ്യം..?
സംസ്ഥാന കായിക മേളയ്‌ക്ക് എല്ലാ വര്‍ഷവും മാംസാഹാരം ഉണ്ട്. നൂറ്,
ഇരുനൂറ്, നാനൂര്‍ മീറ്റര്‍ അതിവേഗതയില്‍ ഓടുന്ന മക്കളെ ബാധിക്കാത്ത എന്നാ
ആലസ്യമാണാവോ ഈ ലളിതഗാനം പാടുന്ന പാവം കുട്ടികളെ ബാധിക്കാന്‍ പോവുന്നത്. ജില്ലാ
കലോത്സവത്തിന് പലപ്പോഴും മാംസാഹാരം ഉണ്ടാവാറുണ്ട്. കഴിഞ്ഞ 57 വര്‍ഷമായി സംസ്ഥാന
കലോത്സവത്തിന് മാംസാഹാരം ഉണ്ടായിട്ടില്ല.
ശാസ്‌ത്രത്തിന്റെ കുപ്പായത്തില്‍
അബദ്ധ മാംസധാരണകള്‍
മാംസാഹാരത്തെ കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ നമ്മുടെ
സമൂഹത്തിലുണ്ട്. തികച്ചും അശാസ്‌ത്രീയമായ അത്തരം ധാരണകള്‍ മുഴുവന്‍
ശാസ്‌ത്രത്തിന്റെ കുപ്പായമിടിപ്പിച്ച് അവതരിപ്പിക്കുന്നത് അപ്പര്‍ കാസ്റ്റ് ഭാരത
സംസ്‌കാര വാദികളുടെ ആവശ്യമാണ് എന്ന് കരുതുന്നു.
മറ്റൊരു കൂട്ടര്‍ പ്രകൃതി
ചികിത്സകരാണ്. പ്യുവര്‍ വെജ് ആകുന്നത് എന്തോ വളരെ ആരോഗ്യകരമായ ജീവിതം നയിക്കാന്‍
സഹായിക്കും എന്നൊക്കെയാണ് ഇവര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നത്. മാംസാഹാരത്തില്‍
കൊഴുപ്പുണ്ട്, ഹോര്‍മോണ്‍ ഉണ്ട്, കൊളസ്‌ട്രോള്‍ ഉണ്ട്, ആറ്റം ബോംബുണ്ട്,
മണ്ണാങ്കട്ടയുണ്ട് ഇങ്ങനെ ഇങ്ങനെ പോകുന്നു പേടിപ്പിക്കല്‍.
ഇതില്‍
ആയുര്‍വേദ ലാട വൈദ്യന്മാര്‍ മുതല്‍ എം.ബി.ബി.എസ് ഡോക്ടര്‍ വരെ അണിനിരക്കുന്നു
എന്തായാലും ഇതെല്ലാം കൂടെ ആധുനിക ശാസ്‌ത്രത്തിന്റെ ഉരകല്ലില്‍ ഉരച്ച് മാറ്റ്
നോക്കാന്‍ പോവുകയാണ്. തുടങ്ങാം�
പല്ലുമുതലെന്തെല്ലാം
അന്യായങ്ങള്‍
മനുഷ്യന്‍ സസ്യഭുക്കാണോ�? അല്ല. മനുഷ്യന്‍ മാംസഭുക്കാണോ..?
അതുമല്ല. പിന്നെ എന്താണ്..? മനുഷ്യന്‍ ഒരു മിശ്രഭുക്കാണ്. തീര്‍ന്നില്ല�
പാചകത്തോടെ മാത്രം. ഇതാണ് നമ്മുടെ പൊസിഷന്‍.
ഇവിടെ നിന്നിട്ടാണ് ബാക്കി
കാര്യങ്ങള്‍ എല്ലാം പറയാന്‍ പോകുന്നത്. ഇവിടെ അഡ്രസ് ചെയ്യാന്‍ പോകുന്ന പ്രധാന
പ്രശ്‌നം മാംസാഹാര വിരുദ്ധത ആയതു കൊണ്ട് കൂടുതല്‍ അങ്ങോട്ടു കോണ്‍സണ്ട്രേറ്റ്
ചെയ്യും, അത് സസ്യാഹാര വിരുദ്ധതയാണെന്നു മാന്യ വായനക്കാര്‍ തെറ്റിദ്ധരിക്കില്ല
എന്ന് പ്രതീക്ഷിക്കുന്നു
മനുഷ്യന്റെ പല്ലുകള്‍ മാംസാഹാരികള്‍ ആയ കടുവ,
പുലി, സിംഹം ഇവയുടെ ഒന്നും പോലെ കൂര്‍ത്തത്തതോ ഇടവിട്ടതോ അല്ല മറിച്ച്
സസ്യാഹാരികള്‍ ആയ പശു, ആട്, കുതിര ഇവയുടെയൊക്കെ പോലെ പരന്നതും ചേര്‍ന്നതുമാണ്.
അതുകൊണ്ടു നമ്മള്‍ സസ്യബുക്കാണെന്നു വാദിക്കുന്നവരുണ്ട്. ഏതൊരു സസ്യാഹാര പ്രചാരണ
സംഗമത്തില്‍ ചെന്നാലും ഇതു കേള്‍ക്കാതെ പോരാന്‍ കഴിയില്ല.
അത് പരിണാമം
എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നു നേരാംവണ്ണം അറിയാത്തതു കൊണ്ടാണ്. ഒരു
ഉദാഹരണത്തിലൂടെ വിശദമാക്കാം. ഡോള്‍ഫിന്‍, തിമിംഗലം ഇവയെല്ലാം വെള്ളത്തില്‍
ജീവിക്കുന്ന മാമലുകളാണ്. ജലജീവികളുടെ ശ്വസന അവയവം ജലത്തില്‍ ലയിച്ചു
ചേര്‍ന്നിട്ടുള്ള ഓക്‌സിജന്‍ ശ്വസിക്കാന്‍ പാകത്തിലുള്ള ചെകിളപ്പൂക്കള്‍ (ഴശഹഹ)െ
ആണ്. എന്നാല്‍ ഡോള്‍ഫിനുള്ളത് ജലനിരപ്പിന് മുകളില്‍ വന്ന് അന്തരീക്ഷവായു
ശ്വസിക്കാന്‍ പാകത്തില്‍ കര ജീവികള്‍ക്കുള്ള പോലെ ശ്വാസകോശമാണ്.
ഈ കാരണം
കൊണ്ട് ഡോള്‍ഫിന്‍ ഒരു കരജീവിയാണെന്നു പറയുന്ന പോലത്തെ മണ്ടത്തരമാണു വയര്‍ നിറയെ
മാംസം കഴിച്ച് ആരോഗ്യത്തോടെ ഇരിക്കുന്ന മനുഷ്യവര്‍ഗ്ഗം നിസാരമായ ഒരു പല്ലിന്റെ
ആകൃതി ചൂണ്ടിക്കാണിച്ച് സസ്യാഹാരികള്‍ ആണെന്നു പറയുന്നത്. ഡോള്‍ഫിന്റെ
പൂര്‍വികര്‍ കരയില്‍ ജീവിച്ചിരുന്ന സസ്‌തനിക? ആണ്. അവയില്‍ ഉണ്ടായിരുന്നത്
ശ്വാസകോശം ആണ്. പിന്നീട് അതിന്റെ ആവാസ വ്യവസ്ഥ ജലത്തിലേക്കു മാറി. അപ്പോള്‍
ശ്വാസകോശം ഒറ്റയടിക്ക് എടുത്തുകളഞ്ഞു പകരം ചെകിളപ്പൂക്കള്‍ വച്ചുകൊടുക്കാന്‍ ആരും
ഇല്ലല്ലോ� സോ പരിണാമം അങ്ങനെ അല്ല പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഉള്ളതിന്റെ
മുകളില്‍ പുതിയ ആവാസ വ്യവസ്ഥയില്‍ ജീവിക്കാന്‍ ഉള്ള പാസ് മാര്‍ക്ക് കിട്ടാന്‍
ആവശ്യമായ മോഡിഫിക്കേഷന്‍സ് മാത്രം പ്രതീക്ഷിച്ചാല്‍ മതി. അതു ഡോള്‍ഫിനില്‍
സംഭവിച്ചിട്ടുണ്ട്.
അതുപോലെ മനുഷ്യരുടെയും ചിമ്പാന്‍സികളുടെയും
ഗൊറില്ലകളുടെയും എല്ലാം പൊതു പൂര്‍വികര്‍ തീര്‍ച്ചയായും പരന്ന പല്ലുകള്‍ ഉള്ള
സസ്യഭുക്കുകള്‍ ആയിരുന്നു. പിന്നീട് അതില്‍ നിന്നു വേര്‍തിരിഞ്ഞ ഒരു വിഭാഗമായ
മനുഷ്യന്‍ വേട്ടയാടിയും പെറുക്കിയും മാംസാഹാരം കഴിക്കാന്‍ തുടങ്ങി. അതോടെ അതിനു
പറ്റുന്ന വിധത്തില്‍ ഉള്ള മോഡിഫിക്കേഷന്‍സ് നടന്നിട്ടുണ്ട്. പല്ലിന്റെ വലിപ്പം
കുറഞ്ഞു, വായ സസ്യാഹാരികളെ പോലെ അത്ര വലുതല്ല, സസ്യ തണ്ടുകള്‍ കടിച്ചു
പൊട്ടിക്കാന്‍ ഉള്ള കട്ടിയും നീളവും കീഴ്‌ത്താടി എല്ലിനില്ല� ചുരുക്കി പറഞ്ഞാല്‍
മൃദുലമായ സസ്യഭാഗങ്ങളും മാംസവും (വേവിച്ച്) കഴിക്കാന്‍ പാകത്തിലാണ് നമ്മുടെ
പരിണാമം നടന്നിരിക്കുന്നത്.