Wednesday, May 25, 2016

മെക്സിക്കോയെ നടുക്കി ആകാശത്ത് വലിയ തീഗോളം

നട്ടപ്പാതിരയ്ക്ക് പൊടുന്നനെ വലിയൊരു തീഗോളം മെക്സിക്കോയിലെ അഞ്ച് സ്റ്റേറ്റുകള്‍ക്ക് മുകളിലായി പ്രത്യക്ഷപ്പെടുകയായിരുന്നു. പാതിരാത്രി ഈ പ്രദേശങ്ങളിലെല്ലാം നിമിഷങ്ങളോളം വെളിച്ചം നിറഞ്ഞു. വെളിച്ചന്റെ തുടര്‍ച്ചയായി വീടുകളെ പിടിച്ചു കുലുക്കുന്നവിധത്തിലുള്ള വന്‍ സ്ഫോടനവുമുണ്ടായി. താരതമ്യേന വലിപ്പം കൂടിയ ഉല്‍ക്കയായിരിക്കും ഇതെന്നാണ് സംഭവത്തെക്കുറിച്ച്‌ പഠനം നടത്തിയ മെക്സിക്കോയിലെ വാനനിരീക്ഷകന്‍ യോസേ റമോണ്‍ വാല്‍ഡെസ് അഭിപ്രായപ്പെട്ടത്.
അതേസമയം, സംഭവിച്ചത് ഉല്‍ക്കാപതനമാണോ എന്നത് സംബന്ധിച്ച്‌ വ്യത്യസ്ത അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. കാരണം മെക്സിക്കോയെ നടുക്കിയ ആ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുകയായിരുന്നില്ല മറിച്ച്‌ ഭൂമിയുടെ അന്തരീക്ഷത്തെ തൊട്ട് കടന്നു പോവുകയായിരുന്നുവെന്നതാണ് വിശ്വസിക്കാവുന്ന ഒരുവാദം. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നപ്പോഴാണ് ഘര്‍ഷണത്തിന്റെ ഫലമായി ശക്തമായ സ്ഫോടനവും വെളിച്ചവുമുണ്ടായത്.
സാധാരണഗതിയില്‍ എല്ലാ ദിവസവും നിരവധി ഉല്‍ക്കകള്‍ ഭൂമിയില്‍ പതിക്കാറുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തില്‍ കടക്കുന്നതോടെ ഘര്‍ഷണഫലമായി ഇവ കത്തിപ്പോവുകയാണ് പതിവ്. അത്യപൂര്‍വ്വമായാണ് ഉല്‍ക്കകള്‍ ഭൂമിയില്‍ ഘര്‍ഷണം ഭേദിച്ചെത്തുന്നത്. ചെറു ഉല്‍ക്കകള്‍ ഭീഷണിയല്ലെങ്കിലും മെക്സിക്കോയെ പേടിപ്പിച്ച്‌ കടന്നതുപോലുള്ളവക്ക് ഒരു നഗരത്തെ ഇല്ലാതാക്കാന്‍ ശേഷിയുണ്ടെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
മെക്സിക്കോക്ക് മുകളിലെ അന്തരീക്ഷത്തിലൂടെ മണിക്കൂറില്‍ 621 മൈല്‍ വേഗതയിലാണ് ഈ ഛിന്നഗ്രഹം കടന്നുപോയത്. മെക്സിക്കോയിലെ സ്കൈ അലെര്‍ട്ടാണ് ഈ സംഭവത്തെക്കുറിച്ച്‌ ആദ്യമായി വിവരങ്ങള്‍ പുറത്തുവിട്ടത്. ട്വിറ്ററില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 1.47ന് മെക്സിക്കോയുടെ ആകാശത്തുണ്ടായ പ്രതിഭാസത്തെക്കുറിച്ച്‌ അവര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.



Tuesday, May 24, 2016

ഒടുവില്‍ ജീവന്‍റെ രഹസ്യം നാസ പുറത്തുവിട്ടു

നാല്-ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് സൂര്യന്‍റെ തിളക്കം ഇന്നത്തേക്കാളും കുറവായിരുന്ന ഘട്ടത്തില്‍ ഉണ്ടായ സൗരവാതങ്ങള്‍ ജീവന്‍ ഉരുത്തിരിയാന്‍ ആവശ്യമായ താപനിലയിലേക്ക് ഭൂമിയെ ഉയര്‍ത്തിയതാകാം ജീവന്‍റെ പിന്നിലെ രഹസ്യമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.
നാല് ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് സൂര്യന്‍റെ തിളക്കം ഇപ്പോഴുള്ളതിന്‍റെ മൂന്നിലൊന്ന്‍ മാത്രമായിരുന്ന കാലത്ത്, സൗരോപരിതലത്തില്‍ ഉണ്ടായ കൂറ്റന്‍ വിസ്ഫോടനങ്ങളുടെ ഫലമായി ബഹിര്‍ഗമിച്ച സൗര പദാര്‍ഥങ്ങളും അണുവികിരണങ്ങളും അന്തരീക്ഷത്തിലെക്കാണ് കടന്നത്. ഇവ ഭൗമോപരിതലത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ലളിതമായ തന്മാത്രാ ഘടനകള്‍ കൂടിച്ചേര്‍ന്ന് ആര്‍.എന്‍.എ., ഡി.എന്‍.എ. പോലെയുള്ള സങ്കീര്‍ണ്ണ തന്മാത്രാ ഘടനകള്‍ രൂപപ്പെടാനുള്ള ഊര്‍ജ്ജനില ഭൂമി കൈവരിച്ചതാണ് ജീവന്‍ നിലവില്‍ വരാന്‍ ഇടയാക്കിയതെന്നാണ് നാസയിലെ ഗവേഷകര്‍ കരുതുന്നത്.
ആക്കാലത്ത് ഭൂമിക്ക് ലഭ്യമായിരുന്ന സൗരോര്‍ജ്ജം ഇന്നത്തേക്കാളും 70 ശതമാനം കുറവായിരുന്നു. അങ്ങിനെയായിരുന്നെങ്കില്‍ ഭൂമി തണുത്തുറഞ്ഞ ഒരു ഹിമഗോളം മാത്രമായിരുന്നേനേ. പക്ഷേ ഇപ്പോള്‍ ലഭ്യമായ ഭൗമവിജ്ഞാനപരമായ തെളിവുകള്‍ സൂചിപ്പിക്കുനത് അക്കാലത്ത് ഭൂമി ചൂടുള്ള, ഒഴുകുന്ന വെള്ളം ലഭ്യമായ ഒരു ഗ്രഹമായിരുന്നു എന്നാണ്. ഇത് "മങ്ങിയ യുവസൂര്യ വൈരുദ്ധ്യം" (Faint Young Sun Paradox)" എന്ന പ്രതിഭാസം മൂലമാണ്. സൗരവാതങ്ങളാകാം ഭൂമിയെ ചൂടക്കുന്നതിന് സഹായിച്ചത്. നാസയുടെ ഗ്രീന്‍ബെല്‍റ്റ്, മേരിലാന്‍റിലുള്ള ഗൊദ്ദാര്‍ദ് സ്പെയ്സ് ഫ്ലൈറ്റ് സെന്‍ററിലെ സൗര ഗവേഷകന്‍ വ്ലാദിമിര്‍ ഏയ്റാപെഷ്യന്‍ അഭിപ്രായപ്പെട്ടു.
സൂര്യന്‍റെ ചെറുപ്പകാലത്ത് സൗരവാതങ്ങള്‍ സ്ഥിരം പ്രതിഭാസങ്ങളായിരുന്നിരിക്കണം. നാസയുടെ കെപ്ലര്‍ മിഷന്‍ മറ്റു ഗാലക്സികളില്‍ ഉള്ള സൂര്യസമാനരായ യുവനക്ഷത്രങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന നിഗമനമാണിത്. "സൂപ്പര്‍ ഫ്ലെയറുകള്‍" എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഉണ്ടാകുന്നത് സൂര്യന് പ്രായമേറുന്തോറും കുറഞ്ഞു വരികയും, നമ്മുടെ കാലഘട്ടമായപ്പോഴേക്കും തീരെ ഇല്ലാതാകുകയും ചെയ്തു. എങ്കിലും ഇടയ്ക്കിടെ ഉണ്ടാകുന്ന സൂപ്പര്‍ ഫ്ലെയറുകലെ ഭൂമിയുടെ ശക്തമായ കാന്തികമണ്ഡലം തടഞ്ഞു നിര്‍ത്തുകയും ചെയ്യുന്നു, ശൈശവാവസ്ഥയില്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തിന് ഇന്നുള്ളയത്രയും ശക്തി ഇല്ലായിരുന്നു

Saturday, May 21, 2016

കാറിടിച്ച്‌ റോഡില്‍; വീണിടത്ത് കിടന്ന് സെല്‍ഫി

കാറിടിച്ച്‌ റോഡില്‍; വീണിടത്ത് കിടന്ന് സെല്‍ഫി എടുത്ത യുവതിയുടെ ചിത്രം വൈറലാകുന്നു

ഇങ്ങനെയുമുണ്ടോ സെല്‍ഫി ഭ്രമം. കാറിടിച്ച്‌ റോഡില്‍ വീണ സ്കൂട്ടര്‍ യാത്രക്കാരിയുടെ പെരുമാറ്റം കണ്ട സോഷ്യല്‍ മീഡിയാ ചോദിച്ചത് ഇങ്ങനെയാണ്. ചൈനയിലാണ് സംഭവം. കാറിടിച്ച്‌ റോഡില്‍ വീണ് കിടക്കുന്നതിനിടയില്‍ യുവതി ഫോണ്‍ എടുത്തു. അപകടത്തില്‍ പെട്ട വിവരം ബന്ധപ്പെട്ടവരെ അറിയിക്കാനാവും ഫോണ്‍ എടുത്തത് എന്നാണ് കണ്ടു നിന്നവര്‍ ആദ്യം കരുതിയത്.
എന്നാല്‍ ഫോണ്‍ എടുത്ത് സെല്‍ഫി എടുക്കുകയായിരുന്നു യുവതി ചെയ്തത്. മേയ് 18ന് ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് ഈ അപൂര്‍വസംഭവം അരങ്ങേറിയിരിക്കുന്നത്. വീണിടത്ത് നിന്ന് എഴുന്നേല്‍ക്കാതെ യുവതി സെല്‍ഫി എടുത്ത് തുടങ്ങിയതോടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുകയായിരുന്നു. ഇതോടെ പോലീസ് സംഭവ സ്ഥലത്ത് എത്തിയാണ് ഗതാഗതം പുനര്‍സ്ഥാപിച്ചത്.
സ്ത്രീ ഓടിച്ചിരുന്ന സ്കൂട്ടറില്‍ ഒരു വെള്ള കാര്‍ ഇടിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ റോഡിലേക്ക് വീണതെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പേരോ മറ്റ് വിശദാംശങ്ങളോ വെളിവായിട്ടില്ല. റോഡില്‍ വീണ് കിടക്കുന്ന ഇവര്‍ അവിടെ നിന്നെഴുന്നേല്‍ക്കാതെ ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ വീ ചാറ്റാണ് അവര്‍ ഉപയോഗിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിന്‍റെ ചിത്രങ്ങളും വിവരണങ്ങളും പീപ്പിള്‍ ഡെയിലിയുടെ വെയ്ബോ അക്കൗണ്ടില്‍ മെയ് 19ന് ഷെയര്‍ ചെയ്തിരുന്നു. സ്ത്രീയുടെ പ്രവര്‍ത്തിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്‌ ചില യൂസര്‍മാര്‍ കമന്‍റിട്ടിരുന്നു

Sunday, May 8, 2016

മൊബൈല്‍ ഫോണ്‍ ഇല്ലാതെയും വാട്‌സ്‌ ആപ്പ്‌ ഉപയോഗിക്കാം




മൊബൈല്‍ ഫോണിലേതുപോലെ ഡെസ്‌ക്ടോപ്പിലും വാട്‌സ്‌ആപ്പ്‌ ഉപയോഗിക്കാന്‍ സാധിക്കും
ലോകത്തെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച മൊബൈല്‍ ആപ്ലിക്കേഷനുകളിലൊന്നാണ്‌ ഫെയ്‌സ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്‌ആപ്പ്‌. നൂറുകോടിയിലേറെ സജീവ ഉപയോക്താക്കളുള്ള വാട്‌സ്‌ആപ്പ്‌ ഇനി ഫോണ്‍ ഇല്ലാതെ കമ്പ്യ്യൂട്ടറില്‍ നേരിട്ട്‌ ഉപയോഗിക്കാന്‍ കഴിയുമെന്ന്‌ റിപ്പോര്‍ട്ട്‌.
ടെക്‌സ്റ്റ്‌ മെസേജിങ്‌, ഫയല്‍ ഷെയറിങ്‌ തുടങ്ങിയ വാട്‌സ്‌ആപ്പ്‌ ഫീച്ചറുകളെല്ലാമുള്ള ഡെസ്‌ക്ടോപ്പ്‌ ആപ്ലിക്കേഷന്റെ പണിപ്പുരയിലാണ്‌ വാട്‌സ്‌ആപ്പ്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌. വിന്‍ഡോസ്‌ ഒഎസിനും മാക്‌ ഓഎസിനും വേണ്ടിയുള്ള ആപ്ലിക്കേഷന്‍ താമസിയാതെ ലഭ്യമായേക്കും.
ഇന്റര്‍നെറ്റ്‌ കണക്ഷനുള്ള സ്‌മാര്‍ട്ട്‌ഫോണിലെ വാട്ട്‌സ്‌ആപ്പിനെ ക്യു ആര്‍ കോഡ്‌ വഴി ബന്ധിപ്പിച്ച്‌ കമ്‌ബ്യൂട്ടറിലെ ബ്രൗസര്‍ വഴി ഉപയോഗിക്കാന്‍ ഇപ്പോഴൊരു കുറുക്കുവഴിയുണ്ട്‌. ഒരു വര്‍ഷത്തിലേറെയായി ഈ സൗകര്യം നിലവിലുണ്ട്‌.
സ്‌മാര്‍ട്ട്‌ഫോണില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇല്ലാതെ വരികയോ, ഫോണില്‍ ചാര്‍ജ്‌ തീരുകയോ, മറ്റേതെങ്കിലും വിധത്തില്‍ ഫോണ്‍ സ്വീച്ച്‌ ഓഫ്‌ ആവുകയോ ചെയ്‌താല്‍ കമ്പ്യൂട്ടറിലെ വാട്‌സ്‌ആപ്പ്‌ പ്രവര്‍ത്തനരഹിതമാകും.
ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ ഡെസ്‌ക്ടോപ്പ്‌ ആപ്ലിക്കേഷന്‍ വരുന്നതോടെ പരിഹാരമാകും. മൊബൈല്‍ ഫോണിലേതുപോലെ ഡെസ്‌ക്ടോപ്പിലും വാട്‌സ്‌ആപ്പ്‌ ഉപയോഗിക്കാന്‍ സാധിക്കും.
ഇതിന്‌ പുറമെ ആന്‍ഡ്രോയിഡ്‌, ഐഒഎസ്‌ ഉപഭോക്താക്കള്‍ക്ക്‌ വോയിസ്‌ മെയില്‍, സിപ്പ്‌ ഫയലുകള്‍ തുടങ്ങിയവ എളുപ്പത്തില്‍ കൈമാറാനുള്ള സൗകര്യവും വാട്‌സ്‌ആപ്പ്‌ അടുത്തു തന്നെ കൊണ്ടുവരും.