Saturday, November 28, 2015
ശവപ്പെട്ടികളും സ്മാര്‍ട്ടാകുന്ന കാലം വരുന്നു!
എല്ലാ സംഗതികളും സ്മാര്‍ട്ടാകുന്ന ലോകത്ത് ശവപ്പെട്ടി മാത്രമെന്തിന് ഒഴിവാകണം? പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ സമീപഭാവിയില്‍ ന്യൂജന്‍ ശവപ്പെട്ടികളും രംഗത്ത് വന്നേക്കാം.
'പെര്‍ഫെക്ട് ചോയ്‌സ് ഫ്യുണറല്‍സ്' ( Perfect Choice Funerals ) എന്ന ഗ്രൂപ്പ് ഭാവിയിലെ ശവപ്പെട്ടികളെക്കുറിച്ച് അവതരിപ്പിച്ച ആശയത്തില്‍, പെട്ടിക്ക് മുകളില്‍ സ്‌ക്രീനും അതില്‍ മരിച്ചയാളുടെ ചിത്രങ്ങളും അനുശോചനമറിയിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ സ്ട്രീമുമൊക്കെയുണ്ട്.
മരിച്ചയാളുടെ ജീവിതത്തിലെ സ്മരണീയ മുഹൂര്‍ത്തങ്ങള്‍ പെട്ടിക്ക് മുകളിലെ സ്‌ക്രീനില്‍ കാണിക്കാം. ഒപ്പം സോഷ്യല്‍ മീഡിയ വഴി കുടുംബാംഗങ്ങളുടയെും സുഹൃത്തുക്കളുടെയും അനുശോചന സന്ദേശങ്ങളും അവിടെ കാട്ടാന്‍ കഴിയും.
ശവപ്പെട്ടിയുടെ വശങ്ങളില്‍ വ്യത്യസ്ത നിറങ്ങളിലുള്ള ലൈറ്റ് പാനലുകളുമുണ്ട്. മരിച്ചയാള്‍ ജീവിച്ചിരുന്നപ്പോള്‍ ഇഷ്ടപ്പെട്ട നിറമേതായിരുന്നോ ആ നിറത്തില്‍ സൈഡ് പാനല്‍ ക്രമീകരിക്കാന്‍ കഴിയും.
ന്യൂജന്‍ ശവപ്പെട്ടിയുടെ മറ്റൊരു ഫീച്ചര്‍ അതില്‍ ഇന്റഗ്രേറ്റ് ചെയ്തിട്ടുള്ള സ്പീക്കറുകളാണ്. മരിച്ചയാളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് സ്പീക്കറില്‍നിന്ന് കേള്‍ക്കുക. മരിച്ചയാളുടെ ഗുണഗണങ്ങള്‍ വര്‍ണിച്ചുകൊണ്ട് പ്രസംഗിക്കാന്‍ പലരും വിഷമിക്കുന്നത് ഒഴിവാക്കാന്‍ ഈ സംവിധാനം സഹായിക്കും.
വൈദ്യുതിയും ഇന്റര്‍നെറ്റും ഒരുമിച്ച്: പുതിയ വൈഫൈ സങ്കേതം വരുന്നു
ക്യാമറ സെന്‍സറുകളും ഫിറ്റ്‌നെസ്സ് ട്രാക്കറുകളും പോലെ കുറഞ്ഞ അളവ് വൈദ്യുതി ആവശ്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെ വയര്‍ലെസ്സായി ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് 'പവര്‍ ഓവര്‍ വൈഫൈ
വൈഫൈ ഇപ്പോള്‍ സര്‍വ്വവ്യാപിയാണ്. വയര്‍ലെസ്സ് ഇന്റര്‍നെറ്റ് എന്നതാണ് ആകര്‍ഷണം. എന്നാല്‍, ഇന്റര്‍നെറ്റ് കൊണ്ട് തീരുന്നതല്ല വൈഫൈയുടെ സാധ്യതകളെന്ന് പലരും കരുതുന്നു. വൈഫൈയുടെ സാധ്യതകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു.
വാഷിങ്ടണ്‍ സര്‍വകലാശാലയിലെ എന്‍ജിനിയര്‍മാര്‍ വികസിപ്പിച്ചിട്ടുള്ള പുതിയ സംവിധാനം ഇക്കാര്യം സാധൂകരിക്കുന്നു. ഉപകരണങ്ങളില്‍ ഒരേസമയം ഇന്റര്‍നെറ്റും വൈദ്യുതിയും വയര്‍ലെസ്സായി എത്തിക്കാന്‍ സഹായിക്കുന്ന 'പവര്‍ ഓവര്‍ വൈഫൈ' ( Power Over WiFi - PoWiFi ) സംവിധാനമാണ് അവര്‍ വികസിപ്പിച്ചിരിക്കുന്നത്.
മൊബൈല്‍ ഫോണുകളും ടാബുകളും പോലുള്ള വലിയ ഉപകരണങ്ങള്‍ ചാര്‍ജുചെയ്യാന്‍ പക്ഷേ, ഈ സംവിധാനംകൊണ്ട് കഴിയില്ല. ക്യാമറ സെന്‍സറുകളും ഫിറ്റ്‌നെസ് ട്രാക്കറുകളും പോലെ, ചെറിയ അളവില്‍ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങള്‍ വയര്‍ലെസ്സായി ചാര്‍ജുചെയ്യാന്‍ ഇത് പര്യാപ്തമാണ്.
'വൈഫൈയുടെ സഹായത്തോടെ ക്യാമറ സെന്‍സറുകളും മറ്റുപകരണങ്ങളും ചാര്‍ജുചെയ്യാന്‍ സാധ്യമാണെന്ന് ആദ്യമായി തെളിയിച്ചിരിക്കുകയാണ് ഞങ്ങള്‍' -പുതിയ സംവിധാനം വികസിപ്പിച്ചതിന് നേതൃത്വം നല്‍കിയ വാംസി തല്ല പറഞ്ഞു. 'ഒരേ സമയം വൈഫൈ റൂട്ടറും വൈദ്യുതിസ്രോതസ്സുമായി പ്രവര്‍ത്തിക്കുന്ന സംവിധാനം രൂപപ്പെടുത്താന്‍ കഴിഞ്ഞു'.
ഈവര്‍ഷമാദ്യം ഈ സംവിധാനത്തെക്കുറിച്ച് ആദ്യവിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച പഠനറിപ്പോര്‍ട്ട് അടുത്ത മാസം ജര്‍മനിയില്‍ നടക്കുന്ന 'CoNEXT 2015 സമ്മേളനത്തി'ല്‍ അവതരിപ്പിക്കും.
വായുവിലൂടെ വയര്‍ലെസ്സായി വൈദ്യുതി കടന്നുപോകുന്ന കാര്യം ഭീതിയുണര്‍ത്തിയേക്കാം. എന്നാല്‍, PoWIFI സംവിധാനത്തില്‍ വളരെ ചെറിയ അളവ് വൈദ്യുതി മാത്രമേ കൈമാറ്റം ചെയ്യപ്പെടുന്നുള്ളു. അതിനാല്‍ ആശങ്കയുടെ കാര്യമില്ലെന്ന് ഗവേഷകര്‍ പറയുന്നു.
പുതിയ സംവിധാനമുപയോഗിച്ച് അഞ്ച് മീറ്റര്‍ അകലെയുള്ള വിജിഎ ക്യാമറ ചാര്‍ജ് ചെയ്യാന്‍ ഗവേഷകര്‍ക്കായി. ഒരു വിയറബിള്‍ ഫിറ്റ്‌നെസ്സ് ട്രാക്കറില്‍ രണ്ടര മണിക്കൂര്‍കൊണ്ട് 40 ശതമാനം ചാര്‍ജ് നിറയ്ക്കാനും കഴിഞ്ഞു.
ആറ് വീടുകളില്‍ ഈ സംവിധാനം സ്ഥാപിച്ച് നടത്തിയ ടെസ്റ്റിങില്‍, ചാര്‍ജുചെയ്യല്‍ കൊണ്ട് ഇന്റര്‍നെറ്റ് സിഗ്നലിന് തെല്ലും കോട്ടം സംഭവിക്കുന്നില്ലെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു.
ഭാവിയില്‍ ഈ സങ്കേതം കൂടുതല്‍ ക്ഷമതയുള്ളതാക്കാനും, കൂടുതല്‍ അകലേയ്ക്ക് വൈദ്യുതി ട്രാന്‍സ്മിറ്റ് ചെയ്യാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പഠനസംഘത്തില്‍പെട്ട ശ്യാം ഗൊല്ലാകോട്ട പറഞ്ഞു.
കാങ്കരുവിന്റെ അധോവായു ലോകത്തെ രക്ഷിക്കില്ല!
ആഗോളതാപനം ചെറുത്ത് ഭൂമിയെ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ കാങ്കരുവിന്റെ അധോവായു ( farts ) കാര്യമായ സഹായം ചെയ്യില്ലെന്ന് കണ്ടെത്തല്‍. മുമ്പ് കരുതിയത് പോലെ, ഹരിതഗൃഹവാതകമായ മീഥേന്‍ രൂപപ്പെടുന്നത് തടയുന്ന ബാക്ടീരിയ കാങ്കരുവിന്റെ ദഹനവ്യൂഹത്തില്‍ ഇല്ലന്ന് ഗവേഷകര്‍ പറയുന്നു.
ഭൗമാന്തരീക്ഷത്തിന്റെ ചൂട് വര്‍ധിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന രണ്ട് വാതകങ്ങളാണ് കാര്‍ബണ്‍ ഡയോക്‌സയിഡും മീഥേനും. കാര്‍ബണ്‍ ഡയോക്‌സയിഡ് വ്യാപിക്കുന്നതില്‍ മുഖ്യപങ്ക് മനുഷ്യര്‍ക്കാണെങ്കില്‍, മീഥേന്റെ കാര്യത്തില്‍ മാടുകളും പന്നികളുമാണ് പ്രധാന പങ്ക് വഹിക്കുന്നത്.
കാര്‍ബണ്‍ ഡയോക്‌സയിഡിന്റെ അത്ര അളവില്‍ മീഥേന്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നില്ല എന്നത് സത്യമാണ്. പക്ഷേ, മീഥേന്റെ ആഗോളതാപന ശേഷി കാര്‍ബണ്‍ ഡയോക്‌സയിഡിന്റെ 21 മടങ്ങാണ്.
പശുക്കള്‍ ദിവസവും 200 ലിറ്റര്‍ മീഥേന്‍ വാതകം പുറത്തുവിടുന്നു എന്നാണ് കണക്ക്. ലോകത്താകെ 140 കോടി മാടുകളുണ്ടെന്ന കണക്കു പരിഗണിക്കുമ്പോള്‍, മീഥേന്‍ മൂലമുള്ള ആഗോളതാപനം ഗൗരവമുള്ളതാകുന്നു.
പശുക്കള്‍, പന്നികള്‍ എന്നിവയില്‍ നിന്നുള്ളതുപോലെ കാങ്കരുക്കളുടെ വയറ്റില്‍ നിന്ന് അത്രയധികം മീഥേന്‍ വാതകം പുറത്തുവരുന്നില്ല എന്നാണ് 1970 കള്‍ മുതല്‍ ഗവേഷകര്‍ കരുതിയിരുന്നത്.
അതിന് കാരണം അവയുടെ വയറ്റിലുള്ള ഏതോ പ്രത്യേകയിനം ബാക്ടീരിയമാണെന്നും, ദഹനവേളയില്‍ ആ ബാക്ടീരിയത്തിന്റെ സ്വാധീനം മൂലം മീഥേന്‍ വാതകം ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്നുമാണ് കരുതിയിരുന്നത്.
അങ്ങനെയെങ്കില്‍, കാങ്കരുവിന്റെ വയറ്റിലെ ആ ബാക്ടീരിയത്തെ പശുക്കളുടെയും പന്നികളുടെയും വയറ്റില്‍ കടത്തിവിട്ട് മീഥേന്‍ വ്യാപനം തടയാമെന്നും ഗവേഷകര്‍ കരുതിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് കാങ്കരുക്കളുടെ അധോവായൂ സഹായിക്കുമെന്ന് കരുതാന്‍ കാരണമിതാണ്.
എന്നാല്‍, പുതിയ ലക്കം 'ജേര്‍ണല്‍ ഓഫ് എക്‌സ്‌പെരിമെന്റല്‍ ബയോളജി'യില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്, കാങ്കരുക്കളുടെ വയറ്റില്‍ സവിശേഷ ബാക്ടീരയമുണ്ടെന്നും അതിനാല്‍ അവയുടെ അധോവായുവില്‍ മീഥേന്‍ ഇല്ല എന്നതും സത്യമല്ല എന്നാണ്.
ശാരീരിക വലിപ്പവുമായി താരതമ്യം ചെയ്താല്‍, പശുവും പന്നിയും അധോവായുവിലൂടെ പുറത്തുവിടുന്ന അതേ തോതില്‍ കാങ്കരുവും മീഥേന്‍ പുറത്തുവിടുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
'കാങ്കരുവിന്റെ വയറ്റില്‍ പ്രത്യേകജാതി ബാക്ടീരിയമുണ്ടെന്നുള്ളത് കുറെ നാളായി പ്രചരിക്കുന്ന കാര്യമാണ്. അത് കണ്ടുപിടിക്കാനുള്ള ഒട്ടേറെ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല' - പുതിയ പഠനത്തിലുള്‍പ്പെട്ട ഗവേഷകന്‍ ആദം മുന്‍ പറയുന്നു. ഓസ്‌ട്രേലിയയില്‍ വൊല്ലോങോങ് സര്‍വകലാശാലയിലെ ഗവേഷകനാണ് ആദം മുന്‍.
പുതിയ കണ്ടെത്തല്‍ നടത്തുക അത്ര എളുപ്പമായിരുന്നില്ല. അതിനായി അടച്ചുപൂട്ടിയ മുറികളില്‍ പത്ത് കാങ്കരുക്കളെ പാര്‍പ്പിച്ച് വ്യത്യസ്ത പച്ചിലകളും മറ്റ് ഭക്ഷ്യവസ്തുക്കളും നല്‍കി അവ പുറത്തുവിടുന്ന അധോവായുവിനെ രാസപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടായിരുന്നു. മാത്രമല്ല, വയറ്റില്‍ ഏതൊക്കെ ബാക്ടീയയുണ്ട് തുടങ്ങിയ സംഗതികള്‍ കണ്ടെത്താന്‍ അവയുടെ കാട്ടം ശേഖരിച്ച് പരിശോധിക്കേണ്ടിയും വന്നു.
പശുക്കളുടെയത്രയും മീഥേന്‍ വാതകം കാങ്കരുക്കള്‍ പുറത്തുവിടുന്നില്ല എന്നാണ് പഠനത്തില്‍ കണ്ടത്. പക്ഷേ, അവ അകത്താക്കുന്ന ഭക്ഷണത്തിന്റെ അളവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ കുറവ് ഇല്ല എന്ന് ഗവേഷകര്‍ കണ്ടു.
കാങ്കരുവിന്റെ വയറ്റില്‍ ഏതെങ്കിലും പരിസ്ഥിതി സൗഹൃദ ബാക്ടീരിയമുണ്ടെന്ന് കരുതാന്‍ പുതിയ പഠനത്തിന്റെ വെളിച്ചത്തില്‍ കഴിയില്ലെന്ന് ആദം മുന്‍ പറയുന്നു.
പഠനത്തില്‍ മറ്റൊരു വസ്തുത ഗവേഷകര്‍ മനസിലാക്കി. ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണം കഴിക്കുമ്പോഴാണ് കാങ്കരുക്കള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നത്. എന്നുവെച്ചാല്‍, പശുക്കള്‍ക്കും മറ്റും ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണം നല്‍കിയാല്‍ മീഥേന്‍ വ്യാപനം കുറയ്ക്കാന്‍ കഴിയുമെന്നര്‍ഥം.
ഏതായാലും കാങ്കരുക്കള്‍ രക്ഷകരാകില്ല എന്ന് മനസിലായ സ്ഥിതിക്ക് പെട്രോളിയം ഉത്പന്നങ്ങളുടെ ഉപയോഗം കുറച്ച് ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം കുറയ്ക്കാം. അതേ രക്ഷയുള്ളൂ!
ഭീമന്‍ തമോഗര്‍ത്തത്തിന്റെ 'തീറ്റയും ശര്‍ദ്ദിയും' നിരീക്ഷിച്ച് ശാസ്ത്രലോകം
തമോഗര്‍ത്തം ഒരു നക്ഷത്രത്തെ അകത്താക്കുന്നതും, അതിന്റെ കുറച്ചുഭാഗം 'ശര്‍ദ്ദിക്കുന്നതും' ഗവേഷകര്‍ ആദ്യമായി നിരീക്ഷിച്ചു.
സൂര്യന്റെ വലിപ്പമുള്ള നക്ഷത്രത്തെ അതിന്റെ സഞ്ചാരപഥത്തില്‍നിന്ന് ഒരു ഭീമന്‍ തമോഗര്‍ത്തം റാഞ്ചുന്നതാണ് ഗവേഷകര്‍ ആദ്യം നിരീക്ഷിച്ചത്. അതിവേഗമുള്ള ഊര്‍ജ ജ്വാലകള്‍ തമോഗര്‍ത്തത്തിന്റെ പരിധിയില്‍ നിന്ന് പുറത്തുവരുന്നത് പിന്നീട് കണ്ടു.
ഗുരുത്വബലത്തിന്റെ ആധിക്യം മൂലം പ്രകാശത്തിന് പോലും രക്ഷപ്പെടാന്‍ പറ്റാത്ത പ്രാപഞ്ചിക കെണികളായ തമോഗര്‍ത്തങ്ങള്‍, സമീപത്തുള്ള നക്ഷത്രങ്ങളെ കൊന്നുതിന്നുന്നത് മുമ്പും ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്.
പുതിയ പഠനത്തില്‍, അകത്താക്കിയ നക്ഷത്രത്തിന്റെ ഒരുഭാഗം തമോഗര്‍ത്തത്തില്‍നിന്ന് പുറത്തുവരുന്നത് ആദ്യമായി ഗവേഷകര്‍ നിരീക്ഷിച്ചു.
'അത്യപൂര്‍വ്വമായ സംഗതിയാണിത്' - 'നേച്ചര്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിന് നേതൃത്വം നല്‍കിയ ജോയര്‍ട്ട് വാന്‍ വെല്‍സെന്‍ പറഞ്ഞു. ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ ഹബ്ബിള്‍ ഫെലോയാണ് വെല്‍സെന്‍.
തമോഗര്‍ത്തം അകത്താക്കിയ നക്ഷത്രത്തിന്റെ അവശിഷ്ടം ജറ്റുകളുടെ രൂപത്തില്‍ പുറത്തുവരുന്നത് ആദ്യമായാണ് നിരീക്ഷിക്കാനാകുന്നതെന്ന് വല്‍സെന്‍ അറിയിച്ചു. മാസങ്ങളെടുത്ത് നടന്ന സംഘര്‍ഷഭരിതമായ രംഗമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു.
തമോഗര്‍ത്തത്തിന് ഒരു നക്ഷത്രത്തെ മുഴുവനായി അകത്താക്കേണ്ടി വരുന്ന സന്ദര്‍ഭത്തില്‍, നക്ഷത്രാവശിഷ്ടം പ്ലാസ്മാജറ്റുകളുടെ രൂപത്തില്‍ തമോര്‍ഗര്‍ത്തത്തില്‍നിന്ന് പുറത്തുവരാമെന്ന് ഗവേഷകര്‍ പ്രവചിച്ചിട്ടുണ്ട്. തമോഗര്‍ത്തം ബാഹ്യലോകവുമായി അതിരിടുന്ന 'സംഭാവ്യതാചക്രവാളത്തി'ന് ( event horizon ) സമീപത്തുകൂടിയാകും അവശിഷ്ടം പുറത്തുവരിക.
ഈ പ്രവചനം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. 'ഇത്തരം ജറ്റുകള്‍ കണ്ടെത്താന്‍, ഞാനുള്‍പ്പടെ പലരും ഇതുവരെ നടത്തിയ ശ്രമങ്ങള്‍ വിഫലമായിരുന്നു' - വെല്‍സെന്‍ അറിയിക്കുന്നു.
ആ ഭീമന്‍ തമോഗര്‍ത്തം നക്ഷത്രത്തെ അതിന്റെ സഞ്ചാരപഥത്തില്‍നിന്ന് വലിച്ചുനീക്കുന്നത് 2014 ലാണ് ഗവേഷകര്‍ ആദ്യം ശ്രദ്ധിച്ചത്. ഹാവായിയില്‍ പ്രവര്‍ത്തിക്കുന്ന ടെലിസ്‌കോപ്പിന്റെ സഹായത്തോടെയായിരുന്നു ആ നിരീക്ഷണം. 2014 ഡിസംബറില്‍ ഒരു ട്വിറ്റര്‍ അപ്‌ഡേറ്റിലൂടെ അക്കാര്യം ലോകമറിഞ്ഞു.
അതിന് ശേഷം വെന്‍സനിന്റെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ പരസ്പരം സഹകരിച്ച് ആ 'കൊലപാതകം' നിരീക്ഷിച്ച് പഠിക്കുകയായിരുന്നു. 30 കോടി പ്രകാശവര്‍ഷമകലെയുള്ള ഒരു ഗാലക്‌സിയിലാണ് തമോഗര്‍ത്തത്തിന്റെ നക്ഷത്രവേട്ട നടന്നത്.
Tuesday, November 24, 2015
Subscribe to:
Posts (Atom)