Saturday, November 28, 2015

ഭീമന്‍ തമോഗര്‍ത്തത്തിന്റെ 'തീറ്റയും ശര്‍ദ്ദിയും' നിരീക്ഷിച്ച് ശാസ്ത്രലോകം

തമോഗര്‍ത്തം ഒരു നക്ഷത്രത്തെ അകത്താക്കുന്നതും, അതിന്റെ കുറച്ചുഭാഗം 'ശര്‍ദ്ദിക്കുന്നതും' ഗവേഷകര്‍ ആദ്യമായി നിരീക്ഷിച്ചു. 
സൂര്യന്റെ വലിപ്പമുള്ള നക്ഷത്രത്തെ അതിന്റെ സഞ്ചാരപഥത്തില്‍നിന്ന് ഒരു ഭീമന്‍ തമോഗര്‍ത്തം റാഞ്ചുന്നതാണ് ഗവേഷകര്‍ ആദ്യം നിരീക്ഷിച്ചത്. അതിവേഗമുള്ള ഊര്‍ജ ജ്വാലകള്‍ തമോഗര്‍ത്തത്തിന്റെ പരിധിയില്‍ നിന്ന് പുറത്തുവരുന്നത് പിന്നീട് കണ്ടു.
ഗുരുത്വബലത്തിന്റെ ആധിക്യം മൂലം പ്രകാശത്തിന് പോലും രക്ഷപ്പെടാന്‍ പറ്റാത്ത പ്രാപഞ്ചിക കെണികളായ തമോഗര്‍ത്തങ്ങള്‍, സമീപത്തുള്ള നക്ഷത്രങ്ങളെ കൊന്നുതിന്നുന്നത് മുമ്പും ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്. 
പുതിയ പഠനത്തില്‍, അകത്താക്കിയ നക്ഷത്രത്തിന്റെ ഒരുഭാഗം തമോഗര്‍ത്തത്തില്‍നിന്ന് പുറത്തുവരുന്നത് ആദ്യമായി ഗവേഷകര്‍ നിരീക്ഷിച്ചു. 
'അത്യപൂര്‍വ്വമായ സംഗതിയാണിത്' - 'നേച്ചര്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിന് നേതൃത്വം നല്‍കിയ ജോയര്‍ട്ട് വാന്‍ വെല്‍സെന്‍ പറഞ്ഞു. ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ ഹബ്ബിള്‍ ഫെലോയാണ് വെല്‍സെന്‍. 
തമോഗര്‍ത്തം അകത്താക്കിയ നക്ഷത്രത്തിന്റെ അവശിഷ്ടം ജറ്റുകളുടെ രൂപത്തില്‍ പുറത്തുവരുന്നത് ആദ്യമായാണ് നിരീക്ഷിക്കാനാകുന്നതെന്ന് വല്‍സെന്‍ അറിയിച്ചു. മാസങ്ങളെടുത്ത് നടന്ന സംഘര്‍ഷഭരിതമായ രംഗമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു.
തമോഗര്‍ത്തത്തിന് ഒരു നക്ഷത്രത്തെ മുഴുവനായി അകത്താക്കേണ്ടി വരുന്ന സന്ദര്‍ഭത്തില്‍, നക്ഷത്രാവശിഷ്ടം പ്ലാസ്മാജറ്റുകളുടെ രൂപത്തില്‍ തമോര്‍ഗര്‍ത്തത്തില്‍നിന്ന് പുറത്തുവരാമെന്ന് ഗവേഷകര്‍ പ്രവചിച്ചിട്ടുണ്ട്. തമോഗര്‍ത്തം ബാഹ്യലോകവുമായി അതിരിടുന്ന 'സംഭാവ്യതാചക്രവാളത്തി'ന് ( event horizon ) സമീപത്തുകൂടിയാകും അവശിഷ്ടം പുറത്തുവരിക.
ഈ പ്രവചനം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. 'ഇത്തരം ജറ്റുകള്‍ കണ്ടെത്താന്‍, ഞാനുള്‍പ്പടെ പലരും ഇതുവരെ നടത്തിയ ശ്രമങ്ങള്‍ വിഫലമായിരുന്നു' - വെല്‍സെന്‍ അറിയിക്കുന്നു. 
ആ ഭീമന്‍ തമോഗര്‍ത്തം നക്ഷത്രത്തെ അതിന്റെ സഞ്ചാരപഥത്തില്‍നിന്ന് വലിച്ചുനീക്കുന്നത് 2014 ലാണ് ഗവേഷകര്‍ ആദ്യം ശ്രദ്ധിച്ചത്. ഹാവായിയില്‍ പ്രവര്‍ത്തിക്കുന്ന ടെലിസ്‌കോപ്പിന്റെ സഹായത്തോടെയായിരുന്നു ആ നിരീക്ഷണം. 2014 ഡിസംബറില്‍ ഒരു ട്വിറ്റര്‍ അപ്‌ഡേറ്റിലൂടെ അക്കാര്യം ലോകമറിഞ്ഞു.
അതിന് ശേഷം വെന്‍സനിന്റെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ പരസ്പരം സഹകരിച്ച് ആ 'കൊലപാതകം' നിരീക്ഷിച്ച് പഠിക്കുകയായിരുന്നു. 30 കോടി പ്രകാശവര്‍ഷമകലെയുള്ള ഒരു ഗാലക്‌സിയിലാണ് തമോഗര്‍ത്തത്തിന്റെ നക്ഷത്രവേട്ട നടന്നത്. 

No comments:

Post a Comment