Saturday, November 28, 2015

വൈദ്യുതിയും ഇന്റര്‍നെറ്റും ഒരുമിച്ച്: പുതിയ വൈഫൈ സങ്കേതം വരുന്നു

ക്യാമറ സെന്‍സറുകളും ഫിറ്റ്‌നെസ്സ് ട്രാക്കറുകളും പോലെ കുറഞ്ഞ അളവ് വൈദ്യുതി ആവശ്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെ വയര്‍ലെസ്സായി ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് 'പവര്‍ ഓവര്‍ വൈഫൈ


വൈഫൈ ഇപ്പോള്‍ സര്‍വ്വവ്യാപിയാണ്. വയര്‍ലെസ്സ് ഇന്റര്‍നെറ്റ് എന്നതാണ് ആകര്‍ഷണം. എന്നാല്‍, ഇന്റര്‍നെറ്റ് കൊണ്ട് തീരുന്നതല്ല വൈഫൈയുടെ സാധ്യതകളെന്ന് പലരും കരുതുന്നു. വൈഫൈയുടെ സാധ്യതകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു.
വാഷിങ്ടണ്‍ സര്‍വകലാശാലയിലെ എന്‍ജിനിയര്‍മാര്‍ വികസിപ്പിച്ചിട്ടുള്ള പുതിയ സംവിധാനം ഇക്കാര്യം സാധൂകരിക്കുന്നു. ഉപകരണങ്ങളില്‍ ഒരേസമയം ഇന്റര്‍നെറ്റും വൈദ്യുതിയും വയര്‍ലെസ്സായി എത്തിക്കാന്‍ സഹായിക്കുന്ന 'പവര്‍ ഓവര്‍ വൈഫൈ' ( Power Over WiFi - PoWiFi ) സംവിധാനമാണ് അവര്‍ വികസിപ്പിച്ചിരിക്കുന്നത്. 
മൊബൈല്‍ ഫോണുകളും ടാബുകളും പോലുള്ള വലിയ ഉപകരണങ്ങള്‍ ചാര്‍ജുചെയ്യാന്‍ പക്ഷേ, ഈ സംവിധാനംകൊണ്ട് കഴിയില്ല. ക്യാമറ സെന്‍സറുകളും ഫിറ്റ്‌നെസ് ട്രാക്കറുകളും പോലെ, ചെറിയ അളവില്‍ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങള്‍ വയര്‍ലെസ്സായി ചാര്‍ജുചെയ്യാന്‍ ഇത് പര്യാപ്തമാണ്.
'വൈഫൈയുടെ സഹായത്തോടെ ക്യാമറ സെന്‍സറുകളും മറ്റുപകരണങ്ങളും ചാര്‍ജുചെയ്യാന്‍ സാധ്യമാണെന്ന് ആദ്യമായി തെളിയിച്ചിരിക്കുകയാണ് ഞങ്ങള്‍' -പുതിയ സംവിധാനം വികസിപ്പിച്ചതിന് നേതൃത്വം നല്‍കിയ വാംസി തല്ല പറഞ്ഞു. 'ഒരേ സമയം വൈഫൈ റൂട്ടറും വൈദ്യുതിസ്രോതസ്സുമായി പ്രവര്‍ത്തിക്കുന്ന സംവിധാനം രൂപപ്പെടുത്താന്‍ കഴിഞ്ഞു'.
ഈവര്‍ഷമാദ്യം ഈ സംവിധാനത്തെക്കുറിച്ച് ആദ്യവിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച പഠനറിപ്പോര്‍ട്ട് അടുത്ത മാസം ജര്‍മനിയില്‍ നടക്കുന്ന 'CoNEXT 2015 സമ്മേളനത്തി'ല്‍ അവതരിപ്പിക്കും. 
വായുവിലൂടെ വയര്‍ലെസ്സായി വൈദ്യുതി കടന്നുപോകുന്ന കാര്യം ഭീതിയുണര്‍ത്തിയേക്കാം. എന്നാല്‍, PoWIFI സംവിധാനത്തില്‍ വളരെ ചെറിയ അളവ് വൈദ്യുതി മാത്രമേ കൈമാറ്റം ചെയ്യപ്പെടുന്നുള്ളു. അതിനാല്‍ ആശങ്കയുടെ കാര്യമില്ലെന്ന് ഗവേഷകര്‍ പറയുന്നു. 
പുതിയ സംവിധാനമുപയോഗിച്ച് അഞ്ച് മീറ്റര്‍ അകലെയുള്ള വിജിഎ ക്യാമറ ചാര്‍ജ് ചെയ്യാന്‍ ഗവേഷകര്‍ക്കായി. ഒരു വിയറബിള്‍ ഫിറ്റ്‌നെസ്സ് ട്രാക്കറില്‍ രണ്ടര മണിക്കൂര്‍കൊണ്ട് 40 ശതമാനം ചാര്‍ജ് നിറയ്ക്കാനും കഴിഞ്ഞു. 
ആറ് വീടുകളില്‍ ഈ സംവിധാനം സ്ഥാപിച്ച് നടത്തിയ ടെസ്റ്റിങില്‍, ചാര്‍ജുചെയ്യല്‍ കൊണ്ട് ഇന്റര്‍നെറ്റ് സിഗ്നലിന് തെല്ലും കോട്ടം സംഭവിക്കുന്നില്ലെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. 
ഭാവിയില്‍ ഈ സങ്കേതം കൂടുതല്‍ ക്ഷമതയുള്ളതാക്കാനും, കൂടുതല്‍ അകലേയ്ക്ക് വൈദ്യുതി ട്രാന്‍സ്മിറ്റ് ചെയ്യാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പഠനസംഘത്തില്‍പെട്ട ശ്യാം ഗൊല്ലാകോട്ട പറഞ്ഞു.

No comments:

Post a Comment